ⓘ ആഗസ്റ്റോ പിനോഷെ

                                     

ⓘ ആഗസ്റ്റോ പിനോഷെ

ആഗസ്റ്റോ ജോസ് റാമൺ പിനോഷെ ഉഗാർട്ടെ ചിലിയുടെ സൈന്യാധിപനും രാഷ്ട്രപതിയുമായിരുന്നു. അദ്ദേഹം ഒരു സൈനിക വിപ്ലവത്തിലൂടെ 1973-ൽ ചിലിയിൽ ഭരണം പിടിച്ചെടുത്തു. അന്ന് തിരഞ്ഞെടുത്ത ഭരണാധികാരിയായിരുന്ന സാൽ‌വഡോർ അലിൻഡേയെ ആണ് അട്ടിമറിയിലൂടെ പിനോഷെ പുറത്താക്കിയത്. അമേരിക്കയുടെ പിന്തുണയോടെ അദ്ദേഹം ഒരു സൈനിക ഭരണകൂടം സ്ഥാപിച്ചു. 1974-ൽ പിനോഷെ സ്വയം രാഷ്ട്രപതിയായി അവരോധിച്ചു. 16 വർഷത്തോളം അദ്ദേഹം ചിലി ഭരിച്ചു. അദ്ദേഹം വ്യാപകമായി നടപ്പാക്കിയ വാണിജ്യ പരിഷ്കാരങ്ങളും അമേരിക്കൻ മാതൃകയിലെ ഉദാരവൽക്കരണവും ആണ് ചിലിയുടെ ഇന്നത്തെ സുദൃഢമായ സമ്പദ് വ്യവസ്ഥയ്ക്ക് അടിസ്ഥാനമായത് എന്ന് പലരും വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ എതിരാളികൾ ഈ സാമ്പത്തിക പരിഷ്കാരങ്ങൾ വൻ‌തോതിലുള്ള തൊഴിലില്ലായ്മ, ദാരിദ്ര്യം, ശമ്പളത്തിൽ വന്ന കുറവ് എന്നിവയ്ക്ക് കാരണം അദ്ദേഹത്തിന്റെ ഭരണം ആയിരുന്നു എന്നും ദീർഘകാല സാമ്പത്തിക ഭദ്രതയ്ക്ക് അദ്ദേഹത്തിന്റെ പരിക്ഷ്കാരങ്ങൾ ഗുണം ചെയ്തില്ല എന്നും വിശ്വസിക്കുന്നു. ഓപ്പറേഷൻ കോണ്ടോർ എന്ന സൈനിക നടപടി പിനോഷെയുടെ സർക്കാർ നടപ്പാക്കി. ചിലിയെ കമ്യൂണിസത്തിൽ നിന്നും രക്ഷിക്കുവാൻ ഇത് ആവശ്യമായിരുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു. ഈ സൈനിക നടപടിയിൽ 3000-ത്തോളം ഇടതുപക്ഷ അനുകൂലികളും സർക്കാർ വിരുദ്ധരും കൊല്ലപ്പെട്ടു. 30.000 പേരോളം ക്രൂരമായ പീഠനങ്ങൾക്ക് ഇരയായി. 2006-ൽ മരണ സമയത്ത് പിനോഷെയ്ക്ക് എതിരായി 300-ഓളം ക്രിമിനൽ കേസുകൾ ചിലിയിൽ നിലവിലുണ്ടായിരുന്നു. മനുഷ്യാവകാശ ധ്വംസനത്തിനും വഴിവിട്ട് ധനം സമ്പാദിച്ചതിനുമായിരുന്നു മിക്ക കേസുകളും.

പിനോഷെ ലോകത്തിന്റെ പലഭാഗങ്ങളിലേയും ജനങ്ങളെ രണ്ടു ചേരിയായി തിരിക്കുന്നു. അദ്ദേഹത്തിന്റെ വിമർശകർ മനുഷ്യാവകാശ ധ്വംസനത്തിന് പിനോഷെയെ വിമർശിക്കുമ്പോൾ അദ്ദേഹത്തിന്റെ അനുകൂലികൾ ചിലിയെ സാമ്പത്തിക ഭദ്രതയിലേക്ക് നയിച്ചതിനും ഒരു കമ്യൂണിസ്റ്റ് ഭരണം തിരിച്ചുവരുന്നത് തടഞ്ഞതിനും അദ്ദേഹത്തെ പ്രശംസിക്കുന്നു.