ⓘ പാർവ്വതി ഓമനക്കുട്ടൻ

                                     

ⓘ പാർവ്വതി ഓമനക്കുട്ടൻ

2008-ലെ ലോകസുന്ദരി മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയാണ്‌ പാർവ്വതി ഓമനക്കുട്ടൻ ജൂലൈ 13, 1987). 2008 ഡിസംബർ 13-ന്‌ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബെർഗിൽ നടന്ന മിസ് വേൾഡ് ഗ്രാന്റ് ഫൈനലിലാണ് പാർവ്വതി കിരീടമണിഞ്ഞത്. 2008 ഡിസംബർ 3-ന്‌ നടന്ന മിസ് വേൾഡ് ടോപ്പ് മോഡൽ മത്സരത്തിൽ പാർവ്വതി സെക്കന്റ് റണ്ണറപ്പായിരുന്നു.

                                     

1. ജീവിതരേഖ

1987 മാർച്ച് 13-ന്, കോട്ടയം ജില്ലയിൽ ഓമനക്കുട്ടൻ നായരുടെ ഒന്നാമത്തെ മകളായിട്ടാണ് പാർവ്വതിയുടെ ജനനം.

ചങ്ങനാശ്ശേരിയാണ് പാർവ്വതിയുടെ സ്വദേശമെങ്കിലും ഇപ്പോൾ മുംബൈയിലാണ് പാർവ്വതി താമസിക്കുന്നത്. പാട്ടു കേൾക്കുന്നതും, നൃത്തം ചെയ്യുന്നതും, ഗ്ലാസ്സ് പെയിന്റിങ്ങ് ചെയ്യുന്നതും, വായനയും, ബാസ്കറ്റ് ബോൾ കളിക്കുന്നതും, ബാറ്റ്മിന്റൺ കളിക്കുന്നതുമൊക്കെയാണ് പാർവ്വതിയുടെ ഇഷ്ടവിനോദങ്ങൾ.

                                     

2.1. സൗന്ദര്യമത്സര ചരിത്രം മിസ് വേൾഡ് 2008

ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ സാന്റൺ കണ്‌വെൻഷൻ സെന്ററിൽ വച്ച് നടന്ന 58-ആം മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയുടെ പ്രതിനിധിയായിട്ടാണ് പാർവ്വതി മത്സരിച്ചത്. ഈ മത്സരത്തിൽ രണ്ടാം സ്ഥാനം പാർവ്വതിക്ക് ലഭിച്ചു. റഷ്യയുടെ സേനിയ സുഖിനോവിയ ആണ് മിസ് വേൾഡ് കിരീടം നേടിയത്. പാർവ്വതിക്കായിരുന്നു ഒന്നാം സമ്മാനം കിട്ടേണ്ടിയിരുന്നത് എന്ന പല വിവാദങ്ങളും ഇതിനെ സംബന്ധിച്ച് ഉണ്ടാകുകയുണ്ടായി.

ദക്ഷിണാ‍ഫ്രിക്കയെക്കുറിച്ച് എന്ത് തോന്നുന്നു എന്നായിരുന്നു പാർവ്വതിയോട് ചോദിച്ച ചോദ്യം. ദക്ഷിണാഫ്രിക്ക തനിക്ക് സ്വന്തം നാട് പോലെയാണ് എന്നായിരുന്നു പാർവ്വതി അതിനു നൽകിയ മറുപടി. ദക്ഷിണാഫ്രിക്കയിലെ ജനങ്ങൾ ഇന്ത്യൻ ജനതയെപ്പോലെ തന്നെ ആതിഥ്യമര്യാദയുള്ളവരാണെന്നും ഇരു രാജ്യങ്ങൾക്കും മഹാത്മാ ഗാന്ധി, നെത്സൺ മണ്ടേല എന്നീ മഹദ് നേതാക്കളും ഉണ്ടായിരുന്നെന്നും പാർവ്വതി കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങൾക്കും വൈവിധ്യമാർന്ന മനോഹര സംസ്കാരമുള്ളതുകൊണ്ടുതന്നെ സമാനമാണെന്നും പാർവ്വതി തന്റെ ചോദ്യത്തിനു മറുപടിയായി പറയുകയുണ്ടായി.

മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുന്നതുമുൻപായി 2008 ഡിസംബർ 3-ന് നടന്ന മിസ് വേൾഡ് ടോപ്പ് മോഡൽ മത്സരത്തിൽ പാർവ്വതി മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. മിസ് വേൾഡ് 2008 ബീച്ച് ബ്യൂട്ടി മത്സരത്തിലെ അവസാന പത്ത് മത്സരാർത്ഥികളിലും പാർവ്വതി ഭാഗമായിരുന്നു. ഈ മത്സരത്തിൽ മിസ് മെക്സിക്കോ ഒന്നാം സ്ഥാനവും, മിസ് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനവും, മിസ് റഷ്യ മൂന്നാം സ്ഥാനവും നേടി വിജയികളായി.

                                     

2.2. സൗന്ദര്യമത്സര ചരിത്രം മിസ് ഇന്ത്യ 2008

ഫെമിന മിസ് ഇന്ത്യ 2008-ൽ മിസ് ഇന്ത്യ വേൾഡ് വിജയി ആയതോടെയാണ് പാർവ്വതിക്ക് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ഈ മത്സരത്തിൽ പാർവ്വതിക്ക് മിസ്സ് ഫോട്ടോജെനിക്, മിസ് പേർസണാലിറ്റി, മിസ് ബ്യൂട്ടിഫുൾ ഹെയർ എന്നീ പുരസ്കാരങ്ങളും ലഭിച്ചിരുന്നു.

ഇന്ത്യയിൽ വിവാഹമോചനങ്ങൾ കൂടുന്നതിന്റെ കാരണം പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനമാണോ അതോ മറ്റെന്തെങ്കിലും ആണോ എന്നതായിരുന്നു ഈ മത്സരത്തിൽ പാർവ്വതിയോട് ചോദിച്ച ചോദ്യം. അതിനു പാർവ്വതി നൽകിയ മറുപടി ഇപ്രകാരമായിരുന്നു. "പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനമല്ല വിവാഹമോചനങ്ങൾ കൂടുവാൻ കാരണം. നമ്മൾ തന്നെയാണ് നമ്മളുടെ മതിപ്പ് തീരുമാനിക്കേണ്ടത്. വിവാഹമെന്ന് പറയുമ്പോൾ ഒരു വ്യക്തി തന്റെ പങ്കാളിയുടെ പൂർണ്ണതയുടെ ഭാഗമാകുകയല്ല, മറിച്ച് രണ്ട് പേരും തങ്ങളുടെ പൂർണ്ണത പങ്കിടലാണ്."

                                     

2.3. സൗന്ദര്യമത്സര ചരിത്രം മിസ് ഇന്ത്യ സൌത്ത് 2008

ഹൈദരാബാദ് കൺ‌വെൻഷൻ സെന്ററിൽ വച്ച് ഡിസംബർ 2007 നടന്ന ആദ്യത്തെ പാന്റലൂൺസ് ഫെമിന മിസ് ഇന്ത്യ സൌത്ത് 2008 മത്സരത്തിലും പാർവ്വതി കിരീടം ചൂടിയിരുന്നു. ഈ മത്സരത്തിൽ വിജയി ആയതോടുകൂടി ഫെമിന മിസ് ഇന്ത്യ 2008 മത്സരത്തിന്റെ അവസാന പത്ത് ഫൈനൽ മത്സരാർത്ഥികളിലേയ്ക്ക് പാർവ്വതി നേരിട്ട് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മിസ്സ് ഇന്ത്യ സൌത്ത് മത്സരത്തിൽ മറ്റു ചില കിരീടങ്ങളും പാർവ്വതിക്ക് ലഭിക്കുകയുണ്ടായി. മത്സരത്തിന്റെ അവസാനം, ദക്ഷിണേന്ത്യയിലെ പ്രമുഖ നടിയായ രമ്യ കൃഷ്ണൻ പാർവ്വതിയെ മിസ് ഇന്ത്യ സൌത്ത് കിരീടമണിയിയിച്ചു.

                                     

3. മറ്റ് വിജയങ്ങൾ

  • "നേവി ക്വീൻ വിസാഗ് 2007"
  • "മലയാളി മങ്ക 2005"
  • "നേവി ക്വീൻ സതേൺ നേവൽ കമാന്റ്, കൊച്ചി 2006"
  • "ലയൺസ് ക്ലബ്ബ് ഡീംഗേൾ 2007"
  • "മിസ്സ് SVKM സർവ്വ വിദ്യാലയ കെൽ‌വാണി മണ്ഡൽ, മുംബൈ 2006"
  • "മിസ്സ് മലയാളി 2005"