ⓘ പന്തളം ബാലൻ

                                     

ⓘ പന്തളം ബാലൻ

മലയാള ചലച്ചിത്രരംഗത്തെ ഒരു പിന്നണി ഗായകനാണ് പന്തളം ബാലൻ എന്നറിയപ്പെടുന്ന തങ്കപ്പൻ ബാലൻ. 1970 മെയ് 30ന് പത്തനംതിട്ട ജില്ലയിൽ പന്തളത്ത് ജനിച്ചു. സംഗീതത്തിൽ ആദ്യഗുരു വെണ്മണി സുകുമാരൻ. പിന്നീട് അമ്പലപ്പുഴ വിജയൻ, ചേർത്തല ഗോപാലൻ നായർ, ആര്യനാട് രാജു, ആനയടി പ്രസാദ് എന്നിവരിൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം,ഗാനപ്രവീണ എന്നീ ഡിപ്ലോമകൾ പാസ്സായി.സംഗീതസം‌വിധായകൻ ദേവരാജൻ മാസ്റ്ററുടെയും ശിഷ്യനായിരുന്നു.

പിതാവ് ഗണിതാധ്യാപകനും പിന്നീട് സ്‌കൂൾ ഹെഡ് മാസ്റ്ററും ആയിരുന്ന കെ.തങ്കപ്പൻ. മാതാവ് പി.ഏ. കമലാക്ഷി. ഭാര്യ ലക്ഷ്മി. മക്കൾ അഖിൽ ബാലൻ, അമൽ ബാലൻ.

                                     

1. ജീവിതരേഖ

സ്വാതി തിരുനാൾ സംഗീത കോളേജിൽ ഉണ്ടായിരുന്ന ‘സംസ്‌കാര’ എന്നൊരു സംഘടനയുടെ വാർഷികത്തോടനുബന്ധിച്ചാണ് ബാലൻ കോളേജിലെ സ്റ്റേജിൽ ആദ്യമായി ഒരു പാട്ട് പാടിയത്. ഓണപൂവേ ഓമൽപൂവേ എന്ന ഗാനം ബാലൻ വേദിയിൽ ആലപിക്കുമ്പോൾ സംഗീത സംവിധായകൻ മുരളി സിത്താരയും തബലിസ്റ്റ് പ്രദീപ് കൊട്ടാരക്കരയും സദസിലുണ്ടായിരുന്നു. ബാലന്റെ പാട്ട് കേട്ട് ഇഷ്ടം തോന്നിയ അവർ തിരുവനന്തപുരത്തെ അന്നത്തെ പ്രശസ്തമായിരുന്ന സിത്താര ഗാനമേള ട്രൂപ്പിലേക്ക് പാടാൻ ക്ഷണിച്ചു.1986ൽ തിരുവനന്തപുരം സിത്താരയിലൂടെ ബാലൻ തന്റെ ആദ്യ ഗാനമേള അവതരിപ്പിച്ചു. രണ്ട് ഗാനങ്ങൾ മാത്രം പാടാനാണ് തുടക്കക്കാരനായ ബാലന് അന്ന് അവസരം കിട്ടിയിരുന്നത്. 1987ൽ സിപിഐ - എമ്മിന്റെ പതിമൂന്നാം പാർട്ടി കോൺഗ്രസ് തിരുവനന്തപുരത്തു നടന്നപ്പോൾ പന്തളം ബാലന് ജി. ദേവരാജനുമായി ബന്ധപ്പെടാനും അദ്ദേഹത്തിന്റെ ക്വയറിൽ പാടാനും അവസരം ഉണ്ടായി. പിന്നീട് ജി. ദേവരാജൻ ക്വയറിൽ ലീഡ് സിംഗർ ആയി ബാലൻ. പിന്നീടങ്ങോട്ട് ദേവരാജൻ മാസ്റ്റർ സംഘടിപ്പിക്കുന്ന പരിപാടികളിലെ പ്രധാനപ്പെട്ട പാട്ടുകാരിൽ ഒരാളായി മാറി. ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായി കൂടിയ ബാലനെ തന്റെ പാട്ടുകളടക്കം പഠിപ്പിച്ചു.

1989ൽ പി.കൃഷ്ണപ്പിള്ളയുടെ ജീവിത കഥയെ ആസ്പദമാക്കി പി.എ ബക്കർ സംവിധാനം ചെയ്ത സഖാവ്: വിപ്ലവത്തിന്റെ ശുഭ്രനക്ഷത്രം എന്ന സിനിമയ്ക്കു വേണ്ടി ജി.ദേവരാജൻ സംഗീതം നൽകിയ ഗാനങ്ങൾ പാടിത്തുടങ്ങിയ പന്തളം ബാലൻ പിന്നെയും പല സിനിമകളിലും നാടകങ്ങളിലും സംഗീത ആൽബങ്ങളിലും ഭക്തിഗാന ആൽബങ്ങളിലും പാടി. 90 കളിൽ രഞ്ജിനി ക്യാസറ്റുകളുടെ സംഗീത ആൽബങ്ങളിൽ ബേണി-ഇഗ്നേഷ്യസ് എന്ന സംഗീത സംവിധായകരുടെ സംഗീതത്തിൽ ഇറങ്ങിയ പല ആൽബങ്ങളിലും പന്തളം ബാലൻ പാടി.

                                     

2. പന്തളം ബാലന്റെ ഗാനമേളകൾ

ഗാനമേളകളെ അതിന്റെ സുവർണ കാലത്തേക്കെത്തിച്ചതിലും പന്തളം ബാലന്റെ പാട്ടുകൾക്ക് വലിയ സ്ഥാനമുണ്ട്. ഇടവ ബഷീറും മാർക്കോസുമൊക്കെ ഗാനമേള വേദികളിൽ നിറഞ്ഞു നിൽക്കുമ്പോഴാണ്, മംഗളം, സിംഗിങ്ങ് ബേർഡ്‌സ്, കലാഭവൻ, സിതാര, സ്വാതി എന്നീ ഗാനമേള ട്രൂപ്പുകളിൽ പാടിയ ശേഷം 1992ൽ പന്തളം ബാലൻ സ്വന്തം ഗാനമേളയുമായി വേദികളിലെത്തുന്നത്. തിരുവനന്തപുരം വിനായക ടൂറിസ്റ്റ് ഹോമിലെ മുറിയിൽ നിന്നായിരുന്നു ബാലന്റെ ഗാനമേളയുടെ തുടക്കം. ഗാനമേള വേദികളിൽ സ്ഥിരം കേൾക്കുന്ന പാട്ടുകൾക്ക് ഇടവേള നൽകി സെമി ക്ലാസിക്ക് ഗാനങ്ങളുമായാണ് ബാലൻ പാടി തുടങ്ങുന്നത്. നക്ഷത്ര ദീപങ്ങൾ തിളങ്ങി, കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും, പ്രമദവനം തുടങ്ങിയ ഗാനങ്ങൾ ബാലൻ പാടുമ്പോഴത് ആസ്വാദകർക്ക് പുതിയ അനുഭവമായി. ചലച്ചിത്ര പിന്നണിഗായകർക്കു കിട്ടുന്ന പിന്തുണ ബാലന്റെ ഗാനമേളക്കും കേരളം നൽകി. ദേവരാജൻ മാസ്റ്ററുടെയും രവീന്ദ്രൻ മാസ്റ്ററുടേയുമൊക്കെ പാട്ടുകൾ അതിന്റെ തീവ്രത ഒട്ടും ചോരാതെ ആസ്വാദകരിലേക്ക് പകരുന്നതായിരുന്നു ആ ഗാനമേളകളുടെ മുഖ്യ ആകർഷണം എന്നു വിലയിരുത്തപ്പെടുന്നു. സിനിമഗാനങ്ങൾ പാടുന്ന പാട്ടുകാരന് മാത്രമല്ല ജനപ്രീതിയെന്ന് സ്വന്തം ജീവിതത്തിലൂടെ കാട്ടി തന്ന കലാകരൻകൂടിയാണ് പന്തളം ബാലൻ. ‘പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തളം ബാലന്റെ ഗാനമേള’ എന്ന ചൊല്ല് മലയാള ഭാഷയിൽ വന്നത് തന്നെ ആ പ്രശസ്തിയുടെ തെളിവായി കാണാം. ഗാനമേള രംഗത്ത് പതിനായിരത്തിൽ പരം വേദികൾ പൂർത്തിയാക്കി.അയ്യപ്പ ഭക്തി ഗാനങ്ങളടക്കം ഒട്ടേറെ ഹിറ്റ് ഗാനങ്ങളുണ്ടായെങ്കിലും സിനിമയിൽ പ്രതീക്ഷിച്ച അവസരങ്ങൾ ബാലനെത്തേടി വന്നില്ല. പക്ഷേ ഗാനമേളരംഗത്തെ സൂപ്പർ സ്റ്റാറായി അറിയപ്പെടുന്നു.

ഗാനമേള ട്രൂപ്പിനൊപ്പം ഹാസ്യ എന്ന മിമിക്രി ട്രൂപ്പും പന്തളം ബാലൻ പിന്നീട് തുടങ്ങി. ഉല്ലാസ് പന്തളം, നെൽസൺ ശൂരനാട് എന്നീ പ്രശസ്ത മിമിക്രി കലാകാരന്മാർ ഹാസ്യ എന്ന ട്രൂപ്പിലൂടെയാണ് പ്രൊഫഷണൽ മിമിക്രി രംഗത്ത് തുടക്കം കുറിച്ചത്. 2003ൽ പന്തളം ബാലൻ ജീവിതമാർഗം തേടി അമേരിക്കയിലേക്ക് കുടിയേറിയപ്പോഴും സംഗീതം കൈവിട്ടില്ല. അമേരിക്കയിൽ മലയാളികളുള്ള എല്ലാ ഭാഗങ്ങളിലും ബാലൻ പാട്ടുകൾ പാടി.

ഗാനമേള രംഗത്ത് സജീവമായി നിൽക്കുന്നതോടൊപ്പം പന്തളം ബാലൻ ശാസ്‌ത്രീയ സംഗീതം അഭ്യസിപ്പിക്കുകയും ശാസ്‌ത്രീയ സംഗീത കച്ചേരികൾ അവതരിപ്പിക്കുകയും ചെയ്യുന്നു. മയൂരം ക്രിയേഷൻസിന്റെ ബാനറിൽ ബാലൻ സംഗീതസംവിധാനം നിർവഹിച്ച അകന്നകന്ന് അകലെ നീ ’, മഴമേഘമറിയാതെ, ഓർമ്മപ്പൂക്കൾ എന്ന സംഗീത ആൽബങ്ങൾ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത് ശ്രദ്ധിക്കപ്പെട്ടു.

പന്തളം ബാലൻ മലയാള ഭാഷയിലെ ഗായകരുടെ കൂട്ടായ്മയായ സമം സിങ്ങേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ്. എന്ന സംഘടനയിൽ അംഗമാണ്.

                                     

3. അവാർഡുകൾ

ദേവരാജൻ മാഷ് അവാർഡ്, ബ്രഹ്മാനന്ദൻ പുരസ്‌ക്കാരം, വയലാർ പുരസ്‌ക്കാരം, ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ്, എണ്ണായിരം വേദി തികച്ചതിനുള്ള ഫിഷറീസ് വകുപ്പിന്റെ അവാർഡ്.