ⓘ നൂർ ജഹാൻ

                                     

ⓘ നൂർ ജഹാൻ

മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ പന്ത്രണ്ടാമത്തെ ഭാര്യയാണ്‌ നൂർ ജഹാൻ അഥവാ മെഹർ-ഉൻ-നിസ. ജഹാംഗീറിന്റെ ഏറ്റവും പ്രിയപ്പെട്ട രാജ്ഞിയായിരുന്നു നൂർ ജഹാൻ. മാത്രമല്ല മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തയായ ചക്രവർത്തിനിയും ഇവരായിരുന്നു. നൂർ ജഹാന്റെ രണ്ടാം ഭർത്താവാണ്‌ ജഹാംഗീർ. ഇരുവരും തമ്മിലുള്ള പ്രേമം പല കഥകളിലും കെട്ടുകഥകളിലുമായി വിവരിക്കപ്പെട്ടിട്ടുണ്ട്.

തന്റെ കുടുംബം, പേർഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് നീങ്ങുന്നതിനിടയിൽ ഇന്നത്തെ അഫ്ഗാനിസ്താനിലെ കന്ദഹാറിൽ വച്ചാണ് 1577-ൽ മെഹറുന്നീസ ജനിച്ചത്. ഇറാനിലെ ടെഹ്രാനിൽ നിന്ന് ഇന്ത്യയിലെത്തിയ മിഴ്സാഘിയാസ് ബെഗ്ഗിന്റെ മകളായിരുന്നു ഇവർ. മിഴ്സാഘിയാസ് അക്ബറിന്റെ കീഴിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. പതിനേഴാം വയസ്സിൽ പേർഷ്യക്കാരനായ അലി ഖ്യുലി ഖാനുമായി അഥവാ ഷേർ അഫ്ഘാനുമായി മെഹറുന്നീസയുടെ വിവാഹം നടത്തി. എന്നാൽ ബംഗാൾ ഗവർണ്ണറായ കുത്തബ്ദീനുമായുള്ള ഏറ്റുമുട്ടലിൽ ഷേർ അഫ്ഘാൻ വധിക്കപ്പെട്ടു. തുടർന്ന് 1611-ലാണ്‌ ജഹാംഗീർ മെഹറുന്നീസയെ വിവാഹം കഴിച്ചു. അതിനുശേഷം ആദ്യം അവർ നൂർമഹൽ കൊട്ടാരത്തിലെ പ്രകാശം എന്ന നാമം സ്വീകരിച്ചു. പിന്നീട് നൂർജഹാൻ ലോകത്തിന്റെ പ്രകാശം എന്നാക്കിമാറ്റുകയും ചെയ്തു. ചക്രവർത്തിക്ക് വിശ്വസ്തയായും സഹായിയായും നിലകൊണ്ട നൂർ ജഹാൻ സാമ്രാജ്യത്തിന്റെ ഭരണത്തിൽ വളരെ ശക്തമായ സാന്നിധ്യമായി. ഭരണകാലം മുഴുവൻ മദ്യത്തിനും കറുപ്പിനും അടിമയായ ജഹാംഗീറിനു പുറകിൽ നിന്നു ഭരണം നൂർ ജഹാൻ നടത്തി. ഇന്ത്യാചരിത്രത്തിലെ‍ ശക്തരായ വനിതകളുടെ കൂട്ടത്തിൽ ഒരാളായി നൂർ ജഹാനും ഉൾപ്പെടുന്നു.

നൂർ ജഹാനൊടുള്ള ബഹുമാനസൂചകമായി ഒരു വശത്ത് തന്റേയും, മറുവശത്ത് നൂർ ജഹാന്റേയും പേരുകൾ കൊത്തിയ നാണയങ്ങൾ ജഹാംഗീർ പുറത്തിറക്കി.