ⓘ പുതുശ്ശേരി രാമചന്ദ്രൻ

                                     

ⓘ പുതുശ്ശേരി രാമചന്ദ്രൻ

മലയാളത്തിലെ പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായിരുന്നു‌ പുതുശ്ശേരി രാമചന്ദ്രൻ. മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ഇദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതൽ രചനകളിലൂടെ അതിനു ദിശാബോധം നൽകി.

                                     

1. ജീവിതരേഖ

മാവേലിക്കര താലൂക്കിൽ വള്ളികുന്നം പകുതിയിൽ 1928 സെപ്റ്റംബർ 23-ന് 1104 കന്നി 8 ജനനം. അച്ഛൻ പോക്കാട്ടു ദാമോദരൻ പിള്ള. അമ്മ പുതുശ്ശേരിൽ ജാനകി അമ്മ. വള്ളികുന്നം എസ്.എൻ.ഡി.പി. സംസ്കൃത ഹൈസ്കൂളിൽ നിന്ന് ശാസ്ത്രി പരീക്ഷ ജയിച്ചു 1946. ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്ന് ഇ.എസ്.എൽ.സി. 1946-49, കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ഇന്റർമീറ്റഡിയേറ്റ് 1949-51, യുനിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളം ഓണേഴ്സ്, തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ മലയാളം എം.എ. 1956. 1970-ൽ കേരള സർവകലാശാലയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ പി.എച്ച്.ഡി കണ്ണശ്ശരാമായണഭാഷ. 2020 മാർച്ച് 14 ന് ഡോ. പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു.

                                     

2. രാഷ്ട്രീയം

1942 ആഗസ്റ്റ് 9നു ക്വിറ്റിന്ത്യ സമരത്തിലൂടെ രാഷ്ട്രീയപ്രവേശം. തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് ആക്ഷൻ കമ്മിറ്റി അംഗം. മാവേലിക്കര താലൂക്ക് പ്രസിഡണ്ട്1946-48. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനു 1947 ജൂൺ 1 മുതൽ സെപ്റ്റംബർ വരെ സ്കൂളിൽ നിന്നു പുറത്താക്കി. അതേ സ്ക്കൂളിൽ 1947 ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയർത്തി.

1948ൽ സെപ്റ്റംബറിൽ വിദ്യാർത്ഥി കോൺഗ്രസ്സിൽ നിന്നും രാജി.വിദ്യാർത്ഥി ഫെഡറേഷനിലും കമ്മ്യൂണിസ്റ്റു പാർട്ടിയിലും അംഗം. 1950 ഡിസംബറിൽ എസ്.എൻ.കോളേജിലെ സമരത്തിൽ മുൻപന്തിയിൽ, അറസ്റ്റ്, ജയിൽ മർദ്ദനം, തടവു ശിക്ഷ. 1953-54-ൽ ശൂരനാട്ടു സംഭവത്തിനു ശേഷം നിരോധിക്കപ്പെട്ട കമ്മൂണിസ്റ്റു പാർടിയുടെ വള്ളികുന്നം-ശൂരനാട് സെക്രട്ടറി. യൂനിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥി ഫെഡറേഷനിൽ നേതൃത്വം.കോളേജ് മാഗസിൻ എഡിറ്റർ. മാതൃഭാഷയുടെ പുരോഗതിക്കായി 2009-ൽ രൂപീകരിച്ച മലയാളഐക്യവേദിയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നു.

                                     

3. ഔദ്യോഗിക ജീവിതം

 • 1969-88: കേരള സർവ്വകലാശാല മലയാളവിഭാഗത്തിൽ റീഡർ, പ്രൊഫസർ.
 • 1977: ഒന്നാം ലോകമലയാള സമ്മേളനത്തിന്റെ പ്രധാന ശില്പിയും സംഘാടകനും.
 • 1988: ഇന്റർനാഷനൽ സെന്റർ ഫോർ കേരള സ്റ്റഡീസ് ഡയറക്റ്റർ.
 • 1967-69 വർക്കല എസ്.എൻ ‍.കോളേജിൽ പ്രൊഫസർ, ഇന്ത്യൻ ഭാഷാവിഭാഗം മേധാവി.
 • 1957-67 കൊല്ലം എസ്.എൻ ‍. കോളേജിൽ അദ്ധ്യാപകൻ.
                                     

4. സാഹിത്യജീവിതം

സ്കൂൾ ജീവിതകാലത്ത് തന്നെ എഴുതിത്തുടങ്ങി. കവിതകൾക്കു പുറമെ ഭാഷാപഠനപ്രബന്ധങ്ങളും ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്. വർക്കല എസ്എൻ കോളജിൽ അധ്യാപനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പുതുശേരി രാമചന്ദ്രൻ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഗ്രാമീണ ഗായകൻ, ആവുന്നത്ര ഉച്ചത്തിൽ, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടിൽ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകൾ, പുതുശ്ശേരി കവിതകൾ എന്നിവയാണ് ശ്രദ്ധേയമായി പുസ്തകങ്ങൾ. ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് ഭാഷകളിൽനിന്ന് നിരവധി കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2005 ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും 2009 ൽ കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. വള്ളത്തോൾ പുരസ്‌കാരം, മഹാകവി പി അവാർഡ്, ഉള്ളൂർ അവാർഡ്, കണ്ണശ്ശ സ്മാരക അവാർഡ്, കുമാരനാശാൻ അവാർഡ്, അബുദാബി ശക്തി അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

                                     

5. കൃതികൾ

കവിത

 • ആവുന്നത്ര ഉച്ചത്തിൽ
 • പുതിയ കൊല്ലനും പുതിയൊരാലയും
 • എന്റെ സ്വാതന്ത്ര്യസമര കവിതകൾ
 • ഈ വീട്ടിൽ ആരുമില്ലേ
 • ശക്തിപൂജ
 • പുതുശ്ശേരി കവിതകൾ
 • ഗ്രാമീണ ഗായകൻ

വ്യാഖ്യാനങ്ങളും സംശോഷിത സംസ്ക്കരണങ്ങളും

 • കേരള പാണിനീയം -1985
 • കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ
 • കേരള പാണിനീയ വിമർശം-1986
 • കണ്ണശ്ശരാമായണം 1967-71
 • പ്രാചീന മലയാളം 75ലിഖിതങ്ങൾ

വിവർത്തനം

 • ആഫ്രിക്കൻ കവിതകൾ - 1990
 • മീഡിയ -1965
 • ആഫ്രിക്കൻ- റഷ്യൻ കവിതകൾ -2011
 • ചരമഗീതം അന്ന അഹ്മത്തോവയുടെ കവിതകൾ - 1989
 • പെരുമാൾ തിരുമൊഴി - 2001

ആത്മകഥ

 • തിളച്ചമണ്ണിൽ കാൽനടയായി - 2017
                                     

6. പുരസ്കാരങ്ങൾ

 • മഹാകവി പി അവാർഡ് 1998
 • മഹാകവി ഉള്ളൂർ അവാർഡ് 2000
 • എൻ.വി. കൃഷ്ണവാര്യർ അവാർഡ് 2008
 • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2005
 • വള്ളത്തോൾ പുരസ്കാരം 2008
 • കേരള സാഹിത്യ അക്കാദമി അവാർഡ് 1999
 • അബുദാബി ശക്തി അവാർഡ് 2006
 • കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം 2009
 • മഹാകവി മൂലൂർ അവാർഡ് 1998
 • കുമാരനാശാൻ അവാർഡ് 2008
 • എഴുത്തച്ഛൻ പുരസ്കാരം 2015
 • കണ്ണശ്ശ സ്മാരക അവാർഡ് 2003
 • കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാസമ്മാൻ 2014