ⓘ പങ്കജ് മല്ലിക്ക്

                                     

ⓘ പങ്കജ് മല്ലിക്ക്

ബംഗാളി സംഗീതസംവിധായകനും ഗായകനും നടനുമാണ് പങ്കജ് മല്ലിക്ക്. കൽക്കട്ടയിലെ ഒരു വൈഷ്ണവകുടുംബത്തിൽ ജനിച്ചു. പിതാവ് അനുമോഹൻ മല്ലിക് ബംഗാളി പാരമ്പര്യ സംഗീതത്തിൽ തത്പരനായിരുന്നു. മനോമോഹിനി മല്ലിക് ആയിരുന്നു മാതാവ്.

                                     

1. ആദ്യകാലജീവിതം

മെട്രിക്കുലേഷനു ശേഷം ബംഗാബാസ് കോളേജിലായിരുന്നു പഠനം. പഠനത്തേക്കാൾ താത്പര്യം സംഗീതത്തിലായിരുന്നതിനാൽ, സംഗീതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോളെജ് വിട്ടു. ബംഗാളിലെ പ്രശസ്ത ഗായകനായ ദുർഗാദാസ് ബന്ദോപാധ്യായെ പരിചയപ്പെട്ടതാണ് പങ്കജ് മല്ലിക്കിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ദുർഗാദാസിൽ നിന്നാണ് ശാസ്ത്രീയസംഗീതത്തിൽ പരിശീലനം നേടിയത്. മഹാകവി ടാഗോറിന്റെ ബന്ധുവായ ദീനേന്ദ്രനാഥ് ടാഗൂറിൽനിന്നും രവീന്ദ്രസംഗീതവും പഠിച്ചു. രവീന്ദ്രസംഗീതത്തിൽ ആദ്യമായി തബല ഉപയോഗിച്ചതും രവീന്ദ്രസംഗീതത്തെ കൂടുതൽ ജനകീയമാക്കിയതും പങ്കജ് മല്ലിക്കായിരുന്നു.

                                     

2. സംഗീതജീവിതം

രവീന്ദ്രനാഥ ടാഗോറിന്റെ ഗാനമായ നെമെച്ചെ ആജ് പ്രൊഥം ബാദൽ ആണ് പങ്കജ് മല്ലിക്കിന്റെ ആദ്യത്തെ ഗ്രാമഫോൺ റിക്കാർഡ്. 1926-ൽ കൽക്കത്തയിലെ വിലോഫോൺ കമ്പനിയാണ് ഇത് പുറത്തിറങ്ങിയത്. ഇതൊരു വലിയ സംഗീതസപര്യയുടെ തുടക്കമായിരുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ഗാനങ്ങളുംടെ നാനൂറോളം ഗ്രാമഫോൺ റിക്കാഡുകളാണ് രവീന്ദ്രസംഗീതമെന്ന വിശേഷണത്തോടെ പങ്കജ് മല്ലിക് പുറത്തിറക്കിയത്. "രബീന്ദ്രസംഗീതത്തിന്റെ പ്രചാരത്തിനുവേണ്ടിയാണ് എന്റെആയുസ്സും സംഗീതത്തിലുള്ള എന്റെ എളിയ വിജ്ഞാനവുമെല്ലാം ഞാൻ ചെലവഴിച്ചത്. എന്റെ ദൗത്യം അല്പമെങ്കിലും ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ ഞാൻ കൃതാർത്ഥനായി" എന്ന് പങ്കജ് മല്ലിക് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് കമ്പിനിആകാശവാണിയുടെ ആദ്യത്തെ പേര്ക്കുവേണ്ടി അതിന്റെ ഉദ്ഘാടന വർഷത്തിൽ 1927 റേഡിയോയിൽ രണ്ട് രവീന്ദ്രസംഗീതം ആലപിച്ചുകൊണ്ട് തുടക്കം കുറിച്ചത് പങ്കജ് മല്ലിക്കാണ്. പ്രൊഡ്യൂസർ, ഗായകൻ തുടങ്ങി വിവിധ നിലകളിൽ റേഡിയോയുമായി ഉറ്റ സമ്പർക്കം പുലർത്തി. ഇദ്ദേഹം റേഡിയോയിൽ ആഴ്ചതോറും ആഴ്ചതോറും അവതരിപ്പിച്ചിരുന്ന സംഗീത് ശിക്അഷർ എന്ന പരിപാടി വളരെ ജനപ്രീതിനേടിയിരുന്നു. ഏതാണ്ട് നാല്പതുവർഷത്തോളം ഈ പരിപാടി മുടങ്ങാതെ തുടർന്നു. ആകാശവാണിയുടെ ആഭിമുഖ്യത്തിൽ പങ്കജ് മല്ലിക് 1932മുതൽ ആരംഭിച്ച മഹിഷാസുരമർദ്ദിനി എന്ന പരിപാടിയും വളരെ ശ്രദ്ധനേടിയിരുന്നു. അമ്പത് വർഷത്തോളം ആകാശവാണിയുടെ ഭാഗഭാക്കായിരുന്നു പങ്കജ് മല്ലിക്.

ഇന്റർനാഷനൽ ഫിലിം ക്രാഫ്ട്‌സിന്റെ ചിത്രത്തിൽ ഓർക്കെസ്ട്ര വിഭാഗം കൈകാര്യം ചെയ്തുകൊണ്ടാണ് ആദ്യമായി സിനിമാരംഗത്തെത്തിയത്. ഷോർ കാന്ത, ചഷർ മായേ തുടങ്ങിയ നിശ്ശബ്ദചിത്രങ്ങൾക്ക് ഓർക്കസ്ട്ര വായിച്ചത് പങ്കജ് മല്ലക്ക് ആയിരുന്നു. ഇന്റർനാഷനൽ ഫിലിം ക്രാഫ്ട്‌സിന്റെപേര് പിന്നീട് ന്യൂതിയേറ്റർ എന്നായി മാറി. ന്യൂതിയേറ്ററിന്റെ ആദ്യചിത്രമായ ദേനാപോനയുടെ സംഗീതസംവിധായകനായ റായ്‌ചന്ദ് ബോറലിന്റെ സഹായിയായി മല്ലിക്കും ഉണ്ടായിരുന്നു. പിന്നീട് ധാരാളം ചിത്രങ്ങളില് ബോറലിന്റെ സഹായിയായി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ന്യൂതിയേറ്റർ 1931ൽ നിർമ്മിച്ച യഹൂദി കി ലഡ്ക്കി എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചു കൊണ്ട് അരങ്ങേറ്റം കുറിച്ചു. തുടർന്ന് ആർ.സി. ബോറൽ, ബറുവ, ചുന്ദർ, നിതിൻബോസ് തുടങ്ങിയവരുടെ ചിത്രങ്ങൾക്ക് ഈണം പകർന്നു. മുക്തി എന്ന ചിത്രത്തിനുവേണ്ടി 1937 രബീന്ദ്ര സംഗീതം അവതരിപ്പിച്ചു. ടാഗോറിന്റെ പ്രശസ്ത കാവ്യമായ ദിനേർ ശേഷേ ഘുമേർ ദോഷേ യാണ് ഈ ചിത്രത്തിലെ പ്രധാന രവീന്ദ്ര സംഗീതം. ഈ സിനിമയിൽ ഒരു ദാർശനിക ഗായകനായി മല്ലിക് വേഷമിടുകയും ചെ.യ്തിരുന്നു. മുക്തിയുടെ വിജയത്തിനുശേഷം ഏതാനും വർഷം പിന്നണിഗായകനായും നടനായും പ്രവർത്തിക്കുകയുായി. കാർത്തിക് ചതോപാധ്യായയുടെ ചിത്രങ്ങൾക്ക് ഈണം പകർന്നുകൊണ്ട് സംഗീതസംവിധാനരംഗത്തു തിരിച്ചെത്തി. ദേശ് എന്ന പത്രത്തിന്റെ വിശേഷാൽ പ്രതിയിൽ സിനിമരംഗത്തെ സ്മരണകൾ പ്രസിദ്ധീകരിച്ചു 1973. 1980-ൽ ആത്മകഥ - അമാർയുഗ്, അമാർഗാൻ എന്റെ കാലം, എന്റെ സംഗീതം- പുറത്തിറക്കി.

1959ൽ ദൂർദർശൻ ആദ്യമായി ദൽഹിയിൽ ആരംഭിച്ചപ്പോൾ ഉദ്ഘാടനഗാനം പാടിയത് പങ്കജ് മല്ലിക്കാണ്. ബിധാൻ ചന്ദ്രറായി പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ, നാടൻ കലകളുടെ പ്രോത്സാഹനത്തിനും സാംസ്കാരിക പുരോഗതിക്കുമായി സ്ഥാപിച്ച ലോകരഞ്ജൻ ശാഖയുടെ ഉപദേഷ്ടാവായി മല്ലിക്കിനെ നിയമിച്ചിരുന്നു. പഥേർപാഞ്ചാലിയുടെ നിർമ്മാണത്തിന് സത്യജിത് റായിക്ക് സർക്കാർ ധനസഹായം ലഭിക്കുന്നത് മല്ലിക്കിന്റെ ഇടപെടൽ മൂലമാണ്.

പ്രധാനചിത്രങ്ങൾ: യഹൂ ദികീ ലഡ്കി 1933, ഭാഗ്യചക്ര, ദേവദാസ് 1935, മീനാക്ഷി 1942, മേരി ബഹൻ 1944, മൻസൂർ 1949, ചോട്ടിമാ 1952, ചിത്രാംഗദ 1954, അമർ സൈഗാൾ 1955, ആഹ്വാൻ 1961.

                                     

3. പുരസ്കാരങ്ങൾ

1970ൽ പങ്കജ് മല്ലിക്കിന് പത്മശ്രീ ലഭിച്ചു തുടർന്ന് 1972ൽ ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരവും ലഭിച്ചു. ഇദ്ദേഹത്തിന്റെ യാത്രിക്, രാജ്‌കമൽ എന്നീ ചിത്രങ്ങൾ മികച്ച ചലച്ചിത്രസംഗീതത്തിനുള്ള രാഷ്ട്രപതി പുരസ്കാരം നേടിയിട്ടുണ്ട്. പങ്കജ് മല്ലിക്കിന്റെ നൂറാം ജന്മവർഷമായ 2006ൽ, ഇന്ത്യൻ തപാൽവകുപ്പ് അദ്ദേഹത്തോടുള്ള ആദരസൂചകമായി തപാൽസ്റ്റാമ്പ് പുറത്തിറക്കി.