ⓘ പി. ചാത്തു

                                     

ⓘ പി. ചാത്തു

ചെറുപ്പകാലത്തുതന്നെ വായനശാല പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ പി. ചാത്തു ക്രമേണ, സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി അടുത്തു. അങ്ങനെ കാഞ്ഞങ്ങാടും പരിസരത്തുമുള്ള കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു തുടങ്ങിയ അദ്ദേഹം 1939-ൽ കർഷകസംഘം പ്രവർത്തകനും, 1942-ൽ കമ്മ്യൂണ്സ്റ്റു് പാർട്ടി അംഗവുമായി. ഹോസ്‌ദുർഗ്ഗ് താലൂക്കിൽ കർഷകസംഘവും, കമ്മ്യൂണ്സ്റ്റു് പാർട്ടിയും കെട്ടിപടുക്കുന്നതിൽ അഹോരാത്രം പ്രയത്നിച്ചു. പഴയ കാസർഗോഡ് താലൂക്കിൽ കർഷകപ്രക്ഷോഭങ്ങൾക്കു് ശക്തിയേകിയ സമ്മേളനങ്ങളിലൊന്നായ ആലയി സമ്മേളനത്തിനു് നേതൃത്വം നൽകിയവരിൽ പി.ചാത്തുവുമുണ്ടായിരുന്നു.1946-രണ്ടാംലോകമഹായുദ്ധത്തിന്റെ ഫലമായി മലബാറിലുണ്ടായ ഭക്ഷ്യക്ഷാമകാലത്തു്, പഴയ കാസർഗോഡ് താലൂക്കിലെ ഏറെ കർഷക സമരങ്ങൾക്കു് നേതൃത്വം നൽകി. രാവണീശ്വരം നെല്ലെടുപ്പ് സമരം ആസുത്രണം ചെയ്യുന്നതിൽ സജീവ പങ്കാളിയായിരുന്നു. 1948-ൽ വടക്കേ മലബാറിലെ കർഷകസമരങ്ങളെ തുടർന്നു് വെല്ലൂർ ജയിലിലടച്ചു. കാഞ്ഞങ്ങാടു് പ്രദേശത്തു് ആദ്യമായി കമ്മ്യൂണിസ്റ്റു് പാർട്ടിയുടെ ഒരു സെൽ രൂപീകരിച്ചതു് 1946-ൽ തെരുവത്തു് ആയിരുന്നു. ആ സെല്ലിന്റെ സെക്രട്ടറി പി. ചാത്തു ആയിരുന്നു.

മലബാർ കുടിയായ്മ നിയമാനുസൃതം മര്യാദാപാട്ടം നിശ്ചയിക്കുന്നതിനായി ഹോസ്ദുർഗ് താലൂക്കിൽ സർക്കാർ പാട്ടക്കോടതി സ്ഥാപിച്ചിരുന്നു. കുടിയാന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും, വാരം പാട്ടം എന്നിവ നിശ്ചയിച്ചുകിട്ടാനും കുടിയാൻമാർക്കു് വേണ്ടി ഈ കോടതിയിൽ വാദിച്ചതു് പി. ചാത്തുവും, ഉദുമയിലെ കെ എ സാലിഹുമായിരുന്നു. കമ്മ്യുണിസ്റ്റ് പാർട്ടി നേതാക്കളും പ്രവർത്തകരും ജനങ്ങളുടെ വക്കിലൻമാരായി വാദിക്കുന്നതിനു് ഈ സംഭവം സാക്ഷ്യമായി.

1964-ൽ ചൈനാചാരനെന്ന മുദ്രകുത്തി പോലീസു് കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടിയതിന്റെ ഭാഗമായി പി ചാത്തുവിനേയും അറസ്റ്റു്ചെയ്തു് ഒന്നര വർഷക്കാലം കണ്ണൂർ ജയിലിലടച്ചു. ജയിലിലെ നീതിനിഷേധത്തിനെതിരെ 17 ദിവസം നീണ്ടുനിന്ന നിരാഹാരസമരം നടത്തി. ജയിലിലെ ജീവിതം അദ്ദേഹത്തിനു് ധാരാളം കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ആത്മബന്ധമുണ്ടാക്കിക്കൊടുത്തു.

1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളരുന്ന കാലത്ത് പാർട്ടിയുടെ കാഞ്ഞങ്ങാട് സെക്രട്ടറിയായിരുന്നു. പാർട്ടി പിളർന്നപ്പോൾ സി.പി.ഐഎം-നോടൊപ്പം നിന്നു. ദീർഘകാലം കാലം സി.പി.ഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിയും, കാസർകോട് ജില്ലാ, അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.

                                     

1. ജീവിതരേഖ

1922-ൽ ഒരു നെയ്ത്തു തൊഴിലാളി കുടുംബത്തിലാണു് പി. ചാത്തു ജനിച്ചതു്.എട്ടു സഹോദരങ്ങളിൽ അദ്ദേഹം പ്രായംകൊണ്ടു് നാലാമനായിരുന്നു. ഒരു യാഥാസ്ഥിതിക കുടുംബമായിരുന്നു അദ്ദേഹത്തിന്റേതെങ്കിലും കാഞ്ഞങ്ങാടു് പ്രദേശത്തു് കർഷകസംഘവും, നെയ്ത്തു്, ബീഡി തൊഴിലാളി സംഘടനകളും, കമ്മ്യൂണിസ്റ്റ് പാർട്ടിയും വളർത്തുന്നതിൽ അദ്ദേഹവും, അദ്ദേഹത്തിന്റെ സഹോദരങ്ങളായിരുന്ന കുഞ്ഞപ്പ മാസ്റ്ററും, രാമനും നല്ല പങ്കുവഹിച്ചിട്ടുണ്ടു്. 1960-ൽ പി. ചാത്തു അടുത്തിലയിലെ കെ വി നാരായണിയെ വിവാഹം കഴിച്ചു. അന്നു് അദ്ദേഹത്തിന്റെ സമുദായത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസാധിഷ്ഠിതമായ ആചാരങ്ങളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ആ വിവാഹം നടത്തിയതു്. ഇതേ തുടർന്നു് അദ്ദേഹത്തേയും, ആ വിവാഹത്തോടു് സഹകരിച്ച സമുദായാംഗങ്ങളെല്ലാവരേയും സമുദായമേധാവികൾ ഭൃഷ്ട് കൽപ്പിച്ചു പുറത്താക്കി. 1997 ഫെബ്രുവരി 11-നു് അന്തരിച്ചു.